റിപ്പോർട്ട്: സജീവ് ഗോപാലൻ
കേരളം രാജ്യത്ത് ആദ്യമായി പ്രത്യേക കൃത്രിമബുദ്ധി വകുപ്പ് രൂപീകരിച്ച സംസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യവസായം, ഐ.ടി., സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കൊപ്പം എഐയുടെ ചുമതലയും പി.കെ. കുഞ്ഞാലിക്കുട്ടിക്കാണ് നൽകിയിരിക്കുന്നത്.
എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. പ്രത്യേക എഐ മന്ത്രിയുണ്ടായിട്ട് നൂറുദിവസം പിന്നിടുമ്പോൾ കേരളത്തിന്റെ സ്വന്തം സമഗ്ര എഐ നയം എവിടെയാണ്?
കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ എഐയെ വ്യവസായ നയത്തിലെ മുൻഗണനാ മേഖലയായി പ്രഖ്യാപിക്കുകയും പ്രത്യേക എഐ നയം കൊണ്ടുവരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ സർക്കാർ എഐയെ പ്രത്യേക മന്ത്രിതല ചുമതലയാക്കി ഉയർത്തിയെങ്കിലും അതിനൊത്ത പുതിയ നയരേഖ ഇതുവരെ പുറത്തുവന്നിട്ടില്ല.
എഐ മിഷൻ, എഐ ലാബുകൾ, സർക്കാർ സേവനങ്ങളിലെ എഐ ഉപയോഗം തുടങ്ങിയ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നുണ്ട്. എന്നാൽ ഇവയെല്ലാം ചേർത്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും ഭരണസംവിധാനത്തെയും എഐ കാലത്തേക്ക് മാറ്റാനുള്ള സമഗ്രമായ റോഡ്മാപ്പ് ഇപ്പോഴും വ്യക്തമല്ല.
എഐ കമ്പനികൾക്ക് എന്ത് പ്രോത്സാഹനമാണ് കേരളം നൽകുക? ഡാറ്റാ സെന്ററുകൾക്കും കമ്പ്യൂട്ടിങ് ശേഷിക്കും ആവശ്യമായ വൈദ്യുതി എങ്ങനെ ഒരുക്കും? സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും വ്യവസായത്തെയും എങ്ങനെ ബന്ധിപ്പിക്കും? മലയാളം എഐക്ക് കേരളം പ്രത്യേക വിപണി സൃഷ്ടിക്കുമോ? സർക്കാർ വകുപ്പുകളിൽ എഐ ഉപയോഗിക്കുമ്പോൾ ഡാറ്റാ സ്വകാര്യതയും ഉത്തരവാദിത്തവും എങ്ങനെ ഉറപ്പാക്കും? എഐ മൂലം തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ മനുഷ്യവിഭവശേഷിയെ എങ്ങനെ പുനർപരിശീലിപ്പിക്കും?
ഇവയ്ക്കുള്ള വ്യക്തമായ ഉത്തരങ്ങളാണ് ഒരു എഐ നയത്തെ പ്രഖ്യാപനത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
കേരളത്തിന് എഐ മന്ത്രിയുണ്ട്. എഐ മിഷനുണ്ട്. എഐ ലാബുകളുണ്ട്. ലക്ഷ്യങ്ങളും ധാരാളമുണ്ട്. പക്ഷേ സമയപരിധിയും ധനവിനിയോഗവും ഉത്തരവാദിത്തവും അളക്കാവുന്ന ഫലങ്ങളും വ്യക്തമാക്കുന്ന ഒരു സമഗ്ര കേരള എഐ നയം ഇപ്പോഴും ആവശ്യമാണ്.
എഐയുടെ കാലത്ത് കേരളം വീണ്ടും ഒരു നയം പ്രഖ്യാപിക്കാൻ കാത്തിരിക്കുകയാണെങ്കിൽ, സാങ്കേതികവിദ്യയുടെ വേഗത സർക്കാർ സംവിധാനത്തേക്കാൾ മുന്നിലെത്താനുള്ള സാധ്യത തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.
