img 20260620 wa0083

വ്യോമയാന മേഖലക്ക് ₹200 കോടി; ദക്ഷിണേന്ത്യയിലെ എവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി കേരളം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ല ത് ഷാ എം

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 2026-27 പുതുക്കിയ ബജറ്റിൽ 200 കോടി രൂപ വകയിരുത്തി കേരള സർക്കാർ. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന എവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് എയർപോർട്ട് അധിഷ്ഠിത സാമ്പത്തിക മേഖലകൾ, എയ്റോസിറ്റി പദ്ധതികൾ, എയ്റോപാർക്കുകൾ, വിമാന അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ (MRO), പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, എവിയേഷൻ എൻജിനിയറിങ് സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കാൻ ബജറ്റിൽ നിർദേശമുണ്ട്.

സംസ്ഥാനത്തിന്റെ അന്താരാഷ്ട്ര യാത്രാ ശൃംഖലയും ഗൾഫ് രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധവും ചരക്ക് ഗതാഗത സാധ്യതകളും പ്രയോജനപ്പെടുത്തി നിക്ഷേപവും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിമാന ചരക്ക് ഗതാഗതം, ലോജിസ്റ്റിക്സ്, വ്യോമയാന സേവനങ്ങൾ എന്നിവയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

വ്യോമയാന മേഖലയെ അടിസ്ഥാനമാക്കി വ്യവസായ വളർച്ചയും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നത്. ആഗോള നിലവാരത്തിലുള്ള വിമാന സേവനങ്ങൾക്കും അനുബന്ധ വ്യവസായങ്ങൾക്കും കേരളത്തെ ആകർഷക കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ നിക്ഷേപം.

തുറമുഖങ്ങൾ, സാമ്പത്തിക ഇടനാഴികൾ, വ്യോമയാന ശൃംഖല എന്നിവ സംയോജിപ്പിച്ചുള്ള വികസന മാതൃകയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇത് കേരളത്തിന്റെ സേവന സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ വളർച്ചാ പാത തുറക്കുമെന്നാണ് വിലയിരുത്തൽ.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com