നവിമുംബൈ ഇൻ്റർനാഷണൽ എയർപോർട്ടിലെ ഇൻഫ്ലൈറ്റ് കാറ്ററിങ് സൗകര്യം വിപുലീകരിക്കുന്നു. വിമാനത്താവളത്തിനുള്ളിൽ ടാജ്‌സാറ്റ്‌സ് നടത്തുന്ന കിച്ചണിൻ്റെ പ്രവർത്തനങ്ങളാണ് വിപുലീകരിക്കാൻ ഒരുങ്ങുന്നത്. 2026–27 ശീതകാല വിമാന സർവീസ് ഷെഡ്യൂളിന് മുന്നോടിയായി വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്. ദിവസം 7,500 ഭക്ഷണപ്പൊതികൾ വരെ തയ്യാറാക്കുന്ന കിച്ചണിൻ്റെ ശേഷി ഇനി 15,000 പൊതികൾ വരെ ഉണ്ടാക്കാൻ കഴിയുന്ന തരത്തിലേക്കാണ് ഉയരുന്നത്.യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഭക്ഷണവും കിച്ചണിൻ്റെ ഭാഗമായി ലഭിക്കും. അലർജിയുള്ള യാത്രക്കാർക്ക് കഴിക്കാവുന്ന തരത്തിലുള്ളവയും , ഹലാൽ ഭക്ഷണം തുടങ്ങിയ വിവിധ ആവശ്യങ്ങളും കിച്ചൺ നിറവേറ്റും. ആധുനിക ഉൽപ്പാദന, ശീതീകരണ സംവിധാനങ്ങളോടെയാണ് ഫ്ലൈറ്റ് കിച്ചൺ പ്രവർത്തിക്കുന്നത്. എച്ച്എസിസിപി, ഐഎസ്ഒ 22000, എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് കിച്ചണിന്റെ പ്രവർത്തനങ്ങൾവിമാനത്താവളത്തിനുള്ളിൽ തന്നെ കിച്ചൺ സ്ഥിതി ചെയ്യുന്നു എന്നതിനാൽ കാര്യക്ഷമമായി ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കാനും സാധിക്കുന്നു. വിമാന കാറ്ററിങ് രംഗത്ത് നാല് പതിറ്റാണ്ടിലേറെ പരിചയമുള്ള ടാജ്‌സാറ്റ്‌സ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഫ്ലൈറ്റ് കിച്ചൺ നടത്തുന്നുണ്ട്. വിമാന സർവീസുകളും യാത്രക്കാരുടെ എണ്ണവും വർധിക്കുന്നതിനനുസരിച്ച് ശേഷി ഉയർത്താൻ കഴിയുന്ന തരത്തിലാണ് നവി മുംബൈ വിമാനത്താവളത്തിലെ കാറ്ററിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
business
