images 2026 06 13t084429.222

കോൾപ്പാടങ്ങളിൽ ഉഴുന്ന് കൃഷി വൻവിജയം; കിലോയ്ക്ക് 65 രൂപയ്ക്ക് സംഭരിക്കാൻ തീരുമാനം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: ദൗ ല ത് ഷാ എം

തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യമായി കോൾപ്പാടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉഴുന്ന് കൃഷി വൻവിജയമായി. തൃശ്ശൂരിലെ മുണ്ടൂർ, പേരാമംഗലം മേഖലകളിലെ കോൾപ്പാടങ്ങളിലാണ് നെല്ലിനും മത്സ്യക്കൃഷിക്കും ശേഷം ഇടവിളയായി ഉഴുന്ന് കൃഷി നടത്തിയത്.

ആദ്യഘട്ടത്തിൽ 100 ഏക്കറിലായി നടത്തിയ കൃഷിയിൽ 65 കർഷകർ പങ്കെടുത്തു. ജൈവവളങ്ങളും ജൈവ കളനാശിനികളും മാത്രം ഉപയോഗിച്ച് നടത്തിയ കൃഷി വെറും 75 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായതും ശ്രദ്ധേയമാണ്.

വിളവെടുത്ത ഉഴുന്ന് കിലോയ്ക്ക് 65 രൂപ നിരക്കിൽ സംഭരിക്കുമെന്ന് ഇസാഫ് ബാങ്കിന്റെ കാർഷിക വിഭാഗം അറിയിച്ചു. ഇതിലൂടെ കർഷകർക്ക് ഉറപ്പുള്ള വിപണിയും സ്ഥിരവരുമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷ.

കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം താരതമ്യേന കുറവായതിനാൽ ഉഴുന്ന് കൃഷിയോട് കർഷകർക്ക് കൂടുതൽ താൽപര്യം വർധിച്ചുവരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി പാലക്കാട് ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ പതിനായിരം ഏക്കറിലധികം സ്ഥലത്ത് ഉഴുന്ന് കൃഷി വ്യാപിപ്പിക്കാനുള്ള ആലോചനകളും പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളത്തിലെ നെൽ ഉൽപാദനത്തിൽ നിർണായക പങ്കുവഹിക്കുന്ന കോൾപ്പാടങ്ങൾ പുതിയ ഇടവിള കൃഷിയിലൂടെ കർഷകർക്ക് അധിക വരുമാനം നൽകുന്ന മാതൃകയായി മാറുകയാണെന്നാണ് കാർഷിക വിദഗ്ധരുടെ വിലയിരുത്തൽ.

കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3

കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com