കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: സജീവ് ഗോപാലൻ
ന്യൂഡൽഹി: ഹോമിയോപ്പതിയെയും രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ചികിത്സകരെയും സംബന്ധിച്ച് പൊതുവേദികളിൽ നടത്തുന്ന പരാമർശങ്ങൾ ഉത്തരവാദിത്തത്തോടെയും വസ്തുതകളുടെ അടിസ്ഥാനത്തിലുമാകണമെന്ന് ദേശീയ ഹോമിയോപ്പതി കമ്മീഷൻ നിർദേശിച്ചു.
ഹോമിയോപ്പതിക്കെതിരെയും അംഗീകൃത ചികിത്സകർക്കെതിരെയും തെളിവുകളില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാ വിഭാഗങ്ങളും വിട്ടുനിൽക്കണമെന്ന് കമ്മീഷൻ അഭ്യർഥിച്ചു.
ഹോമിയോപ്പതി വിദ്യാഭ്യാസം, ചികിത്സാരീതി, തൊഴിൽധാർമികത, പ്രൊഫഷണൽ മാനദണ്ഡങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് കമ്മീഷൻ നിർദേശം പുറത്തിറക്കിയതെന്ന് കമ്മീഷൻ അധ്യക്ഷൻ ഡോ. തർക്കേശ്വർ ജെയിൻ അറിയിച്ചു.
അച്ചടി, ദൃശ്യ, ഡിജിറ്റൽ, സാമൂഹിക മാധ്യമങ്ങളിലൂടെ ഹോമിയോപ്പതിയെക്കുറിച്ച് അപകീർത്തികരവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. പൊതുചർച്ചകളിൽ വസ്തുതാപരമായ കൃത്യതയും ഉത്തരവാദിത്തവും പാലിക്കേണ്ടതിന്റെ ആവശ്യകത കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഹോമിയോപ്പതി രാജ്യത്ത് നിയമപരമായി അംഗീകരിക്കപ്പെട്ട ചികിത്സാ സമ്പ്രദായമാണെന്നും അതുമായി ബന്ധപ്പെട്ട മരുന്നുകൾ നിലവിലുള്ള നിയമങ്ങൾ പ്രകാരം നിയന്ത്രിക്കപ്പെടുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി. ഹോമിയോപ്പതി വിദ്യാഭ്യാസം നിശ്ചിത അക്കാദമിക് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നടക്കുന്നതെന്നും പ്രവേശന നടപടികൾ ദേശീയതല യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നും അറിയിച്ചു.
രജിസ്റ്റർ ചെയ്ത ഹോമിയോപ്പതി ചികിത്സകർ നിർദ്ദിഷ്ട വിദ്യാഭ്യാസവും പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ചികിത്സ നടത്താൻ അർഹത നേടുന്നതെന്നും കമ്മീഷൻ വിശദീകരിച്ചു.
ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുചർച്ചകൾ നടത്തുമ്പോൾ സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം ഉപയോഗിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com





