img 20260416 wa0001

നിധിൻ രാജ് കേസ് അട്ടിമറിക്കാനാവില്ല; നീതി കിട്ടും വരെ പോരാട്ടം തുടരും – മുണ്ടേല പ്രസാദ്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായ നിധിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ സന്ദർശിച്ച് ജനശക്തി പാർട്ടി നേതാക്കൾ ദു:ഖത്തിൽ പങ്കു ചേർന്ന് അനുശോചനം അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദി നൊടൊപ്പം ജില്ലാ വൈസ് പ്രസിഡന്റ് ടോണി വർഗ്ഗീസ്, ജില്ലാ ജനറൽ സെക്രട്ടറി വടപ്പാറ മധുസൂദനൻ നായർ, സെക്രട്ടറി സുധീപ് പുതുപ്പള്ളി, ജില്ലാ ഭാരവാഹി മായം അരുൺ കുമാർ എന്നിവരും പങ്കെടുത്തു.

ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെ നേരിൽ കണ്ട നേതാക്കൾ, “നീതിയുണ്ടാകുന്നത് വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും” എന്ന് ഉറപ്പുനൽകി. കേസിനെ യാതൊരു വിധത്തിലും അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

സംഭവത്തിന്റെ ഗൗരവം ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, എ.എൻ. രാധാകൃഷ്ണൻ, അഡ്വ. എസ്. സുരേഷ് എന്നിവരെ അറിയിച്ചു എന്നും നേതാക്കൾ പറഞ്ഞു. കേരളത്തിലെ കലാലയങ്ങളിൽ ദലിത് വിഭാഗത്തിന് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ, കേന്ദ്ര തലത്തിലുള്ള രാഷ്ട്രീയ ശക്തികളെ ഉൾപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നും അറിയിച്ചു.

പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി. ദലിത് കുടുംബത്തെ വഴിതെറ്റിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും ചെറുക്കുമെന്നും, നിധിന് നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ഇനി ഒരുദലിത് വിദ്യാർത്ഥിക്കും ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടിവരാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.