കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
ജൂലൈ 7, 8 തീയതികളിൽ തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രതിരോധ ചെലവ്, യൂറോപ്യൻ സുരക്ഷ, യുക്രൈന് നൽകുന്ന സൈനിക സഹായം എന്നിവ മുഖ്യ അജണ്ടയാകും. റഷ്യ ഉയർത്തുന്ന സുരക്ഷാഭീഷണിയും ഇൻഡോ-പസഫിക് മേഖലയിലെ ഭൗമരാഷ്ട്രീയ മാറ്റങ്ങളും പശ്ചാത്തലമായാണ് ഉച്ചകോടി ചേരുന്നത്.
2025-ൽ അംഗീകരിച്ച പദ്ധതിപ്രകാരം 2035-ഓടെ അംഗരാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ച് ശതമാനം പ്രതിരോധ-സുരക്ഷാ മേഖലകളിൽ ചെലവഴിക്കണമെന്നാണ് നാറ്റോയുടെ ലക്ഷ്യം. ഇതിൽ 3.5 ശതമാനം നേരിട്ടുള്ള സൈനിക ആവശ്യങ്ങൾക്കും 1.5 ശതമാനം സൈബർ സുരക്ഷ, നിർണായക അടിസ്ഥാനസൗകര്യ സംരക്ഷണം, പ്രതിരോധ വ്യവസായ വികസനം തുടങ്ങിയ മേഖലകൾക്കുമാണ് വിനിയോഗിക്കുക.
ഈ വർഷം യൂറോപ്യൻ രാജ്യങ്ങളും കാനഡയും 2026-ൽ യുക്രൈന് 7000 കോടി യൂറോയുടെ സൈനിക സഹായം നൽകുമെന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം 2027-ലും സമാനതലത്തിലുള്ള സഹായം തുടരാനുള്ള രാഷ്ട്രീയ പ്രതിബദ്ധതയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും.
അമേരിക്ക യൂറോപ്യൻ രാജ്യങ്ങൾ സ്വന്തം സുരക്ഷയുടെ വലിയ പങ്ക് ഏറ്റെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. സൈനിക ചെലവ് വർധിപ്പിക്കാനുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദം പല രാജ്യങ്ങളും നേരിടുന്നുണ്ടെങ്കിലും, കൂട്ടായ പ്രതിരോധ സംവിധാനമായ നാറ്റോയുടെ വിശ്വാസ്യത നിലനിർത്താൻ അംഗരാജ്യങ്ങൾ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com
