അങ്കാറ
തുർക്കിയിലെ അങ്കാറയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തി. സഖ്യരാജ്യങ്ങൾ പ്രതിരോധ ചെലവ് ഗണ്യമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി ട്രംപ് ഉച്ചകോടിയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പിന്റെ സുരക്ഷയ്ക്കായി അമേരിക്ക വഹിക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആവശ്യം.
നാറ്റോയിലെ 32 അംഗരാജ്യങ്ങളുടെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്കും ഏഷ്യൻ പങ്കാളി രാജ്യങ്ങളിലെ പ്രതിനിധികൾക്കും പ്രത്യേക ക്ഷണമുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ 2035 ഓടെ പ്രതിരോധ ചെലവ് ആഭ്യന്തര ഉൽപ്പാദനത്തിന്റെ അഞ്ച് ശതമാനമാക്കി ഉയർത്തണമെന്ന നിർദേശമാണ് പ്രധാന ചർച്ചാവിഷയം.
റഷ്യ ഉക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം, അമേരിക്കയുടെ യൂറോപ്പിലെ സൈനിക സാന്നിധ്യം, പ്രതിരോധ വ്യവസായ സഹകരണം എന്നിവയും ഉച്ചകോടിയിൽ ചർച്ചയാകും. യുക്രൈനുള്ള സൈനിക സഹായം തുടരുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ വിലയിരുത്തും.
അമേരിക്ക യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ ബാധ്യത വർധിപ്പിക്കണമെന്ന് ട്രംപ് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. സ്വന്തം സുരക്ഷയ്ക്ക് കൂടുതൽ ഉത്തരവാദിത്തം യൂറോപ്യൻ രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്കയെ മാത്രം ആശ്രയിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ ഉച്ചകോടി നാറ്റോയുടെ ഭാവിദിശ നിർണയിക്കുന്ന നിർണായക സമ്മേളനമായി മാറിയിരിക്കുകയാണ്.
ഉച്ചകോടിയുടെ സമാപനത്തിൽ പ്രതിരോധ നിക്ഷേപം, സഖ്യരാജ്യങ്ങളുടെ സുരക്ഷാ സഹകരണം, റഷ്യൻ ഭീഷണി, പുതിയ സൈനിക ശേഷി വികസനം എന്നിവ സംബന്ധിച്ച സംയുക്ത പ്രഖ്യാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അമേരിക്കയും യൂറോപ്യൻ സഖ്യരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവിയെയും ഈ സമ്മേളനത്തിലെ തീരുമാനങ്ങൾ സ്വാധീനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.
