തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ നൽകരുതെന്ന് അമേരിക്കയോട് ഇസ്രയേൽ

screenshot 2026 07 07 12 33 28 23 96b26121e545231a3c569311a54cda96

നാറ്റോ ഉച്ചകോടിക്ക് മുമ്പ് നെതന്യാഹുവിന്റെ അഭ്യർഥന

ജറുസലേം

തുർക്കിക്ക് അത്യാധുനിക എഫ് 35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ട്രംപുമായി നടത്തിയ സംഭാഷണത്തിലും പിന്നീട് നൽകിയ അഭിമുഖങ്ങളിലും നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാന്റെ സമീപകാല നയങ്ങളും ഇസ്രയേലിനെതിരായ കടുത്ത വിമർശനങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹു ആശങ്ക അറിയിച്ചത്. തുർക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങൾ ലഭിച്ചാൽ പശ്ചിമേഷ്യയിലെ സൈനിക ശക്തികളുടെ സന്തുലിതാവസ്ഥ തകരുമെന്നും ഇസ്രയേലിന്റെ സുരക്ഷയെ അത് ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റഷ്യൻ എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടർന്ന് 2019ൽ അമേരിക്ക തുർക്കിയെ എഫ് 35 പദ്ധതിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം തുർക്കിയെ വീണ്ടും പദ്ധതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കുന്നുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ നിയമപരവും കോൺഗ്രസ് സംബന്ധമായ തടസ്സങ്ങൾ എങ്ങനെ മറികടക്കാമെന്നതും പരിശോധിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.

തുർക്കിയെ വീണ്ടും എഫ് 35 പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് നാറ്റോ സഖ്യത്തിനുള്ളിലെ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. എന്നാൽ ഇസ്രയേലിനൊപ്പം ഗ്രീസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളും ഈ നീക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തുർക്കിയുടെ സൈനിക ശക്തി വർധിക്കുന്നത് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുമെന്നാണ് അവരുടെ ആശങ്ക.

നാറ്റോ ഉച്ചകോടിയിൽ ട്രംപും എർദോഗാനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തുർക്കിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇസ്രയേലിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കുന്നതിനുമിടയിൽ അമേരിക്ക എന്ത് നിലപാട് സ്വീകരിക്കുമെന്നത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.