വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിന് തിരിച്ചടിയായി നിർണായക വിധിയുമായി ഫെഡറൽ അപ്പീൽ കോടതി. നാടുകടത്തൽ നടപടികൾ നേരിടുന്ന കുടിയേറ്റക്കാരെ ജാമ്യാപേക്ഷ പരിഗണിക്കാതെ 90 ദിവസത്തിലധികം തടങ്കലിൽ പാർപ്പിക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം തടങ്കൽ അമേരിക്കൻ ഭരണഘടന ഉറപ്പുനൽകുന്ന നിയമപരമായ നടപടിക്രമങ്ങളുടെ സംരക്ഷണത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
ടെക്സസും ലൂസിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്രംപ് ഭരണകൂടം കുടിയേറ്റ നിയമത്തിന്റെ വ്യാഖ്യാനം വ്യാപിപ്പിച്ച് കൂടുതൽ ആളുകളെ നിർബന്ധിത തടങ്കലിൽ പാർപ്പിക്കുന്ന നയം പിന്തുടരുകയായിരുന്നു. അതിനെതിരെയാണ് കോടതി ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി. സമാന വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം തേടിയിട്ടുണ്ടെന്നും നിലവിലെ നിയമനടപടികൾ തുടരുമെന്നും വകുപ്പ് അറിയിച്ചു. അതേസമയം കുടിയേറ്റ നിയന്ത്രണം ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും നിയമവിരുദ്ധ കുടിയേറ്റം തടയാൻ ശക്തമായ നടപടികൾ തുടരുമെന്നും ട്രംപ് ഭരണകൂടം ആവർത്തിച്ചു.
ട്രംപിന്റെ രണ്ടാം ഭരണകാലത്ത് കുടിയേറ്റ നിയന്ത്രണം പ്രധാന നയങ്ങളിലൊന്നാണ്. അതിർത്തി സുരക്ഷ ശക്തമാക്കൽ, അനധികൃത കുടിയേറ്റക്കാരെ വേഗത്തിൽ നാടുകടത്തൽ, തടങ്കൽ കേന്ദ്രങ്ങളുടെ ഉപയോഗം വർധിപ്പിക്കൽ എന്നിവയാണ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ഈ നടപടികൾ മനുഷ്യാവകാശവും ഭരണഘടനാപരമായ അവകാശങ്ങളും സംബന്ധിച്ച ശക്തമായ നിയമപോരാട്ടങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
ഫെഡറൽ കോടതികളുടെ വ്യത്യസ്ത വിധികൾ കാരണം വിഷയം അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തെയും അമേരിക്കയുടെ ഭാവി കുടിയേറ്റ സംവിധാനത്തെയും ഗണ്യമായി സ്വാധീനിച്ചേക്കും.
