കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
സംസ്ഥാനത്തെ പാലങ്ങളും പ്രധാന ജംഗ്ഷനുകളും കൂടുതൽ ആകർഷകമാക്കുന്നതിനായി പുതിയ സ്പോൺസർഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. കമ്പനികളുടെയും പ്രാദേശിക സംഘടനകളുടെയും സഹകരണത്തോടെ പാലങ്ങളിൽ അലങ്കാര ലൈറ്റുകൾ, ചെടിച്ചട്ടികൾ, ഹരിതവൽക്കരണം, ജംഗ്ഷനുകളുടെ നവീകരണം എന്നിവ നടപ്പാക്കാനാണ് പദ്ധതി.
സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നിശ്ചിത മാർഗരേഖ പ്രകാരം പരസ്യാവകാശം നൽകും. ഇതിനായി പ്രത്യേക മാർഗരേഖ തയ്യാറാക്കുമെന്നും സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന തുക പൊതുമരാമത്ത് വകുപ്പിന് നേരിട്ട് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും അച്ചടക്ക നടപടികളും വേഗത്തിലാക്കാൻ പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രായോഗിക പദ്ധതികൾ ഉടൻ സമർപ്പിക്കാനും ശബരിമല തീർഥാടനത്തിന് മുമ്പ് പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മഴക്കാലത്തിന് മുന്നോടിയായി പാലങ്ങളുടെയും റോഡുകളുടെയും സുരക്ഷാ പരിശോധനകൾ കർശനമായി നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനം കൂടുതൽ സുതാര്യവും സമയബന്ധിതവുമായി മുന്നോട്ടുകൊണ്ടുപോകാൻ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ഉദ്യോഗസ്ഥരെയോ കരാറുകാരെയോ കുറിച്ച് മുൻവിധികളില്ലെന്നും വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ:
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ പേപ്പർ:
https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ:
