കേരളത്തിൽ വീടുകളിലെ പുരപ്പുറ സോളാർ വൈദ്യുതി പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി സൂര്യഘർ: മുഫ്ത് ബിജ്ലി യോജനയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 3.85 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2.77 ലക്ഷം വീടുകളിൽ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാനത്ത് പുരപ്പുറ സോളാർ സംവിധാനങ്ങളിലൂടെ 1,053 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷി നിലവിൽ സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനകം ₹1,846 കോടിയിലധികം സബ്സിഡിയാണ് കേരളത്തിൽ വിതരണം ചെയ്തത്.
പിഎം സൂര്യഘർ പദ്ധതിക്ക് പുറമെ മറ്റ് പദ്ധതികളും ഉൾപ്പെടുത്തുമ്പോൾ കേരളത്തിന്റെ ആകെ പുരപ്പുറ സോളാർ സ്ഥാപിത ശേഷി 2,036.50 മെഗാവാട്ടിലെത്തിയിട്ടുണ്ട്. വീടുകൾ സ്വന്തം ആവശ്യത്തിനുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന സംവിധാനവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വർധിക്കുകയും ജലവൈദ്യുത ഉൽപ്പാദനം മഴക്കുറവ് മൂലം സമ്മർദത്തിലാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പുരപ്പുറ സോളാർ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്. പകൽ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന സൗരോർജം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നുണ്ട്.
