വിഴിഞ്ഞം തുറമുഖം: കേരളത്തിലെ പുതിയ നിക്ഷേപ കേന്ദ്രമായി ലോജിസ്റ്റിക്സ് മേഖല

screenshot 2026 09 04 07 55 11 53 96b26121e545231a3c569311a54cda96

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ശക്തമാകുന്നതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, കണ്ടെയ്നർ കൈകാര്യം ചെയ്യൽ തുടങ്ങിയ അനുബന്ധ മേഖലകളിൽ പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുന്നു.

സെപ്റ്റംബർ 2ന് വിഴിഞ്ഞത്തിൽ നിന്ന് ആദ്യ കയറ്റുമതി ചരക്ക് പുറപ്പെട്ടത് തുറമുഖത്തിന്റെ വാണിജ്യപ്രാധാന്യം കൂടുതൽ ഉയർത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 18 മുതൽ പൂർണമായ Export-Import പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കേരളത്തിന് നേരിട്ട് അന്താരാഷ്ട്ര ചരക്ക് ഗതാഗത ശൃംഖലയുമായി ബന്ധപ്പെടാനുള്ള അവസരമാണ് ലഭിച്ചത്.

തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലുള്ളത്. 2028ഓടെ വാർഷിക കണ്ടെയ്നർ ശേഷി 5.7 മില്യൺ TEU ആയി ഉയർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഏകദേശം 1,200 മീറ്റർ അധിക ബെർത്ത്, റെയിൽ കണക്റ്റിവിറ്റി, റോഡ് കണക്റ്റിവിറ്റി, ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. ഇതിലൂടെ 5,000ത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Advertisement

തുറമുഖത്തിന് സമീപം ലോജിസ്റ്റിക്സ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനും മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്.

ഇതോടെ വിഴിഞ്ഞത്തിന്റെ ചുറ്റുമുള്ള ഭൂമി, വെയർഹൗസിംഗ്, ട്രക്കിംഗ്, ഫ്രൈറ്റ് ഫോർവേഡിംഗ്, കോൾഡ് ചെയിൻ, കസ്റ്റംസ് സേവനങ്ങൾ, പാക്കേജിംഗ് തുടങ്ങിയ മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത വർധിക്കുകയാണ്.

കേരളത്തിന്റെ വ്യവസായ വളർച്ചയിൽ വിഴിഞ്ഞം ഒരു തുറമുഖം മാത്രമായി നിൽക്കുമോ, അതോ അതിനെ ചുറ്റിപ്പറ്റി ഒരു പുതിയ ലോജിസ്റ്റിക്സ് വ്യവസായ മേഖല തന്നെ രൂപപ്പെടുമോ എന്നതാണ് ഇനി നിർണായകം.