മോസ്കോ
റഷ്യൻ സമ്പദ്വ്യവസ്ഥയിൽ യുദ്ധച്ചെലവും വിലക്കയറ്റ സമ്മർദവും വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സ്ഥിരതയ്ക്ക് മുൻഗണന നൽകണമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ സർക്കാരിനും കേന്ദ്ര ബാങ്കിനും നിർദേശം നൽകി. സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ യുദ്ധം നീണ്ടതോടെ പ്രതിരോധ മേഖലയിലേക്കുള്ള സർക്കാർ ചെലവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. അതേസമയം തൊഴിലാളി ക്ഷാമം, ഉയർന്ന പലിശനിരക്ക്, ഉപരോധങ്ങളുടെ ആഘാതം എന്നിവ വ്യവസായ മേഖലയെ ബാധിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധ ഉൽപ്പാദനം തുടരുന്നതിനൊപ്പം സാധാരണ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
റഷ്യൻ കേന്ദ്ര ബാങ്ക് കഴിഞ്ഞ മാസങ്ങളിൽ ഉയർന്ന പലിശനിരക്ക് തുടരുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ ഈ നയം ആവശ്യമാണെന്ന് ബാങ്ക് വ്യക്തമാക്കുമ്പോൾ വ്യവസായ മേഖല പലിശ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നിക്ഷേപവും ഉൽപ്പാദനവും വർധിപ്പിക്കാൻ ധനനയത്തിൽ കൂടുതൽ ഇളവുകൾ വേണമെന്നാണ് വ്യവസായ സംഘടനകളുടെ നിലപാട്.
പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ, ചൈന, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവയുമായുള്ള വ്യാപാരം വർധിപ്പിച്ച് സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനാണ് റഷ്യ ശ്രമിക്കുന്നത്. ഊർജ കയറ്റുമതിയും പ്രതിരോധ വ്യവസായവുമാണ് ഇപ്പോഴും റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സുകൾ.
യുദ്ധം ദീർഘകാലം തുടരുന്ന സാഹചര്യത്തിൽ സൈനിക ആവശ്യങ്ങളും സാമ്പത്തിക സ്ഥിരതയും ഒരേസമയം കൈകാര്യം ചെയ്യുക എന്നതാണ് പുടിൻ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
