മോസ്കോ
മനുഷ്യന്റെ ആയുസ്സ് ദീർഘിപ്പിക്കാനും വാർധക്യം മന്ദഗതിയിലാക്കാനും ലക്ഷ്യമിട്ട് 26 ബില്യൺ ഡോളറിന്റെ ദേശീയ ഗവേഷണ പദ്ധതിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നോട്ട് പോകുന്നു. 2024ൽ ആരംഭിച്ച “ന്യൂ ഹെൽത്ത് പ്രിസർവേഷൻ ടെക്നോളജീസ്” പദ്ധതിയുടെ ഭാഗമായി ജീൻ തെറാപ്പി, ത്രിമാന ബയോപ്രിന്റിങ്, മനുഷ്യ അവയവങ്ങൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ, ജനിതക ഗവേഷണം തുടങ്ങിയ മേഖലകളിലാണ് റഷ്യ വൻ നിക്ഷേപം നടത്തുന്നത്.
2030ഓടെ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. മനുഷ്യ ശരീരത്തിലെ വാർധക്യത്തിന് കാരണമാകുന്ന കോശമാറ്റങ്ങൾ മന്ദഗതിയിലാക്കുന്ന ജീൻ തെറാപ്പി മരുന്നുകളും ലബോറട്ടറിയിൽ കൃത്രിമ അവയവങ്ങൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യകളും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഗവേഷണത്തിന് പുടിന്റെ മകൾ മരിയ വൊറോൺസോവയും ശാസ്ത്രജ്ഞൻ മിഖായേൽ കോവാൽചുക്കും നേതൃത്വം നൽകുന്ന സംഘങ്ങൾ പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ജനിതകമാറ്റം വരുത്തിയ ചെറിയ പന്നികളിൽ മനുഷ്യ അവയവങ്ങൾ വളർത്തി പിന്നീട് അവ മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്ന സെനോട്രാൻസ്പ്ലാന്റേഷൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളും പദ്ധതിയുടെ ഭാഗമാണ്. മനുഷ്യ തരുണാസ്ഥിയും പരീക്ഷണ എലിയുടെ തൈറോയ്ഡ് ഗ്രന്ഥിയും വിജയകരമായി ബയോപ്രിന്റ് ചെയ്തതായി റഷ്യൻ ഗവേഷകർ അവകാശപ്പെടുന്നു.
എന്നാൽ ഈ പദ്ധതിയെ ശാസ്ത്രലോകം ജാഗ്രതയോടെയാണ് സമീപിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണഫലങ്ങൾ വളരെ കുറവാണെന്നും പദ്ധതിയുടെ അവകാശവാദങ്ങൾ കൂടുതൽ സ്വതന്ത്ര പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാശ്ചാത്യ ഉപരോധങ്ങൾ മൂലം റഷ്യൻ ഗവേഷണ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര സഹകരണം പരിമിതമായതും വെല്ലുവിളിയായി തുടരുന്നു.
ലോകമെമ്പാടും വാർധക്യം മന്ദഗതിയിലാക്കാനുള്ള ഗവേഷണങ്ങൾ വേഗം പിടിക്കുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ ദീർഘകാല നിക്ഷേപം ശ്രദ്ധേയമായി വിലയിരുത്തപ്പെടുന്നു. എന്നാൽ പദ്ധതിയുടെ യഥാർഥ ശാസ്ത്രീയ ഫലപ്രാപ്തിയും മനുഷ്യരിൽ പ്രായോഗികമായി ഉപയോഗിക്കാവുന്ന ചികിത്സകൾ വികസിപ്പിക്കാനുള്ള ശേഷിയും വരും വർഷങ്ങളിലായിരിക്കും വ്യക്തമാകുക.
