വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നിർദേശത്തിനെതിരെ 22 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ രംഗത്തെത്തി. നിർദിഷ്ട തീരുവകൾ നിയമപരമായി നിലനിൽക്കില്ലെന്നും അവ അമേരിക്കൻ ഉപഭോക്താക്കൾക്കും വ്യവസായങ്ങൾക്കും അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
നിർദിഷ്ട പദ്ധതിപ്രകാരം 59 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾക്കും 12.5 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുക എന്ന ലക്ഷ്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള വ്യാപകമായ തീരുവയ്ക്ക് മതിയായ നിയമപരമായ അടിത്തറയില്ലെന്നാണ് സംസ്ഥാനങ്ങളുടെ വാദം. നിർബന്ധിത തൊഴിൽ എന്ന പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സഹകരണവും ലക്ഷ്യബോധമുള്ള നടപടികളുമാണ് സ്വീകരിക്കേണ്ടതെന്നും എല്ലാ ഇറക്കുമതികൾക്കും ഒരുപോലെ അധിക നികുതി ചുമത്തുന്നത് ഉചിതമായ മാർഗമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പുതിയ തീരുവ നടപ്പിലായാൽ ഉപഭോക്തൃ വസ്തുക്കളുടെ വില ഉയരാനും അമേരിക്കയിലെ വിതരണ ശൃംഖലയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം ആഭ്യന്തര വ്യവസായത്തെയും തൊഴിലവസരങ്ങളെയും സംരക്ഷിക്കാൻ വ്യാപാരനയം ശക്തമാക്കേണ്ടത് അനിവാര്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
നിർദേശത്തെക്കുറിച്ചുള്ള പൊതുകേൾവി ഉടൻ ആരംഭിക്കും. ലഭിക്കുന്ന അഭിപ്രായങ്ങളും നിയമപരമായ വിലയിരുത്തലുകളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. ട്രംപ് ഭരണകൂടത്തിന്റെ വ്യാപാരനയത്തിൽ ഈ നിർദേശം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
