തിരുവനന്തപുരം
കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 50 സ്കൂളുകളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ദുരന്തസാധ്യത കൂടുതലുള്ള മേഖലകളിലെ സ്കൂളുകളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
താപനില, മഴയുടെ അളവ്, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ, അന്തരീക്ഷ മർദം, ഈർപ്പം തുടങ്ങിയ പ്രധാന കാലാവസ്ഥാ വിവരങ്ങൾ തത്സമയം ശേഖരിക്കാൻ ഈ സ്റ്റേഷനുകൾക്ക് കഴിയും. ശേഖരിക്കുന്ന വിവരങ്ങൾ ദുരന്തനിവാരണ സംവിധാനത്തിനും മറ്റ് സർക്കാർ ഏജൻസികൾക്കും ലഭ്യമാക്കും. അതുവഴി അതിശക്തമായ മഴ, മിന്നൽ, കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ കൃത്യതയോടെ നിരീക്ഷിക്കാനും മുന്നറിയിപ്പുകൾ നൽകാനും സഹായകമാകും.
സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള ഈ സംവിധാനം വിദ്യാഭ്യാസത്തിനും ശാസ്ത്രീയ പഠനത്തിനും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വിദ്യാർഥികൾക്ക് കാലാവസ്ഥാ ശാസ്ത്രം നേരിട്ട് മനസ്സിലാക്കാനും പ്രാദേശിക ഡാറ്റ ഉപയോഗിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്താനും അവസരം ലഭിക്കും. സ്കൂളുകൾ പ്രാദേശിക ശാസ്ത്രീയ വിവരശേഖരണ കേന്ദ്രങ്ങളായി മാറുന്നതിനും പദ്ധതി വഴിയൊരുക്കും.
സമീപ വർഷങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വർധിച്ച സാഹചര്യത്തിൽ പ്രാദേശിക തലത്തിലുള്ള കാലാവസ്ഥാ വിവരങ്ങളുടെ ആവശ്യകതയും ഉയർന്നിട്ടുണ്ട്. ഓരോ പ്രദേശത്തെയും തത്സമയ വിവരങ്ങൾ ലഭ്യമാകുന്നത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും നടത്താൻ സഹായിക്കും. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിലും ഈ വിവരങ്ങൾ നിർണായകമാകും.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടാൻ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക കാലാവസ്ഥാ വിവര ശൃംഖല വികസിപ്പിക്കുന്നതിലൂടെ കേരളത്തിന്റെ ദുരന്ത മുന്നൊരുക്ക ശേഷിയും കാലാവസ്ഥാ ഗവേഷണ ശേഷിയും കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
