കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധയെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണാതെ എല്ലാവരും ഒന്നിച്ച് പ്രതിരോധിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തെ സമീപിക്കരുതെന്നും അനാവശ്യ ഭീതി വേണ്ടെങ്കിലും ജാഗ്രത നിർബന്ധമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഘട്ടത്തിൽ തന്നെ പ്രതിരോധ നടപടികൾ ആരംഭിക്കാൻ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം സജ്ജമാണെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. നിലവിൽ വ്യക്തമായ പ്രവർത്തന മാർഗരേഖകൾ നിലവിലുണ്ടെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
നിപയെയോ മറ്റ് പകർച്ചവ്യാധികളെയോ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാകില്ലെന്നും കോവിഡ് പോലുള്ള രോഗങ്ങളും നിപയും സർക്കാരിന്റെ നിറം നോക്കി വരുന്നതല്ലെന്നും അവർ ചൂണ്ടിക്കാട്ടി. കൃത്യവിലോപം ഉണ്ടാകാതെ അതീവ ജാഗ്രതയോടെ സാഹചര്യം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യമായ പ്രതിരോധ സാമഗ്രികളും മരുന്നുകളും മുൻകൂട്ടി സംഭരിച്ച് വയ്ക്കേണ്ടത് അനിവാര്യമാണെന്നും കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. മുൻകരുതലുകളാണ് ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനമെന്നും അവർ കൂട്ടിച്ചേർത്തു.
രോഗ സാമ്പിളുകൾ പൂനെയിലേക്ക് അയക്കുന്നത് കേന്ദ്ര മാർഗനിർദേശങ്ങളുടെ ഭാഗമായ നടപടിയാണെന്നും അവർ വിശദീകരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ വീഴ്ചകൾ ഉണ്ടെങ്കിൽ വിമർശനം സ്വാഭാവികമാണെങ്കിലും ശരിയായ നടപടികൾ സ്വീകരിക്കുമ്പോൾ അവയെ പരിഹസിക്കുകയോ രാഷ്ട്രീയവത്കരിക്കുകയോ ചെയ്യരുതെന്നും കെ.കെ. ശൈലജ പറഞ്ഞു.
കേരള ന്യൂസ് മീഡിയ വാട്സ്ആപ്പ് ചാനൽ പിന്തുടരൂ: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
കേരള ന്യൂസ് മീഡിയ ഇ-പേപ്പർ: https://chat.whatsapp.com/E78Zp4LoHNTH8dsLXxgdO1?s=cl&p=a&mlu=3
കൂടുതൽ വാർത്തകൾ വായിക്കാൻ: www.keralanewsmediaonline.com





