കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ 16315/16316 കൊച്ചുവേളി-മൈസൂർ എക്സ്പ്രസിന് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ രവി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകി.
കരുനാഗപ്പള്ളി മേഖലയിലെ യാത്രക്കാരും വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും നേരിടുന്ന യാത്രാ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ ഈ ട്രെയിനിൽ യാത്ര ചെയ്യാൻ പലർക്കും കൊല്ലം അല്ലെങ്കിൽ കായംകുളം സ്റ്റേഷനുകളിലേക്ക് പോകേണ്ടി വരുന്നതായി നിവേദനത്തിൽ പറയുന്നു.
ബെംഗളൂരു, മൈസൂർ മേഖലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ഐടി മേഖലയിലുള്ളവരും വലിയ സാമ്പത്തിക-സമയ നഷ്ടമാണ് നേരിടുന്നതെന്ന് റെയിൽവേ ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി ഒരു പ്രധാന വ്യാപാര-ജനസാന്ദ്ര മേഖലയാണെന്നും അമൃതപുരി ആശ്രമം ഉൾപ്പെടെയുള്ള ആത്മീയ-സാംസ്കാരിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടമാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചാൽ റെയിൽവേയ്ക്ക് മികച്ച വരുമാന സാധ്യത ഉണ്ടാകുമെന്നും യാത്രക്കാരുടെ വലിയ പിന്തുണ ലഭിക്കുമെന്നും കെ.കെ രവി അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി സ്റ്റേഷൻ തിരുവനന്തപുരം ഡിവിഷനിലെ ഉയർന്ന വരുമാനമുള്ള സ്റ്റേഷനുകളിലൊന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രദേശത്തെ യാത്രാ ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റെയിൽവേ ആക്ഷൻ കൗൺസിൽ ദക്ഷിണ റെയിൽവേയ്ക്ക് കത്ത് നൽകിയത്. നിവേദനത്തിന്റെ പകർപ്പ് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്കും ചീഫ് ഓപ്പറേഷൻസ് മാനേജർക്കും കൈമാറിയിട്ടുണ്ട്.
Follow the Kerala News Media channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





