കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: കിരൺ എസ് പിള്ളൈ
തമിഴ്നാട് മുഖ്യമന്ത്രിയായ വിജയിയുടെ അസാധാരണ ജനപ്രീതിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ചില താരങ്ങളോട് ജനങ്ങൾക്ക് ഉണ്ടാകുന്ന ബന്ധം “വിവരിക്കാനാകാത്ത ഒരു മാന്ത്രികത” ആണെന്നാണ് മോഹൻലാൽ അഭിപ്രായപ്പെട്ടത്.
‘ദൃശ്യം 3’ പ്രമോഷനിടെ നൽകിയ അഭിമുഖത്തിലായിരുന്നു വിജയിയുടെ രാഷ്ട്രീയ ഉയർച്ചയെയും താരപ്പകിട്ടിനെയും കുറിച്ച് മോഹൻലാൽ പ്രതികരിച്ചത്. ‘ജില്ല’ സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
എംജിആറും രജനീകാന്തും പോലുള്ള താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മോഹൻലാൽ, ജനങ്ങൾ താരങ്ങളുടെ സ്വകാര്യ ജീവിതത്തോട് അല്ല, അവർ സ്ക്രീനിൽ സൃഷ്ടിക്കുന്ന വികാരങ്ങളോടും കഥാപാത്രങ്ങളോടുമാണ് ബന്ധപ്പെടുന്നതെന്ന് പറഞ്ഞു. ചില സൂപ്പർതാരങ്ങൾക്കുള്ള ആ സ്വാധീനം ലജിക് കൊണ്ട് മാത്രം വിശദീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിയുടെ ടിവികെ പാർട്ടി വൻ മുന്നേറ്റം നടത്തി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് സിനിമാ ലോകത്ത് നിന്നും വലിയ പിന്തുണ ഉയരുന്നത്. രജനീകാന്ത്, ചിരഞ്ജീവി, മമ്മൂട്ടി, ശിവരാജ്കുമാർ തുടങ്ങി നിരവധി പ്രമുഖർ വിജയിയെ അഭിനന്ദിച്ചിരുന്നു.
തമിഴ് സിനിമയിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയ വിജയിയുടെ രാഷ്ട്രീയ ഉയർച്ച ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമാ–രാഷ്ട്രീയ ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയാണ്.
Follow the Kerala News Media channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w
Read news at www.keralanewsmediaonline.com





