തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ മുഖ്യമന്ത്രിസ്ഥാന ചർച്ചകൾ: കോൺഗ്രസിൽ ഹൈക്കമാൻഡ് അസന്തോഷം

kpcc .1.1490969

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപുതന്നെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കോൺഗ്രസിൽ ഉയർന്ന ചർച്ചകൾ ഹൈക്കമാൻഡിൽ അസന്തോഷം സൃഷ്ടിച്ചു. നേതാക്കളെ മുൻനിർത്തി സാമൂഹിക മാധ്യമങ്ങളിൽ അണികൾ നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചു.മുതിർന്ന നേതാക്കളും ഇതേ ആവശ്യം മുന്നോട്ടുവച്ചു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് പാർട്ടിക്ക് വ്യക്തമായ സംവിധാനം ഉണ്ടെന്നിരിക്കെ, യു.ഡി.എഫിനെ പിന്തുണച്ച ജനങ്ങളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ ഒഴിവാക്കണമെന്ന് കെ.സി. ജോസഫ് പറഞ്ഞു.

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ ശക്തമാകുന്നത്. നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശന് മുൻതൂക്കം ഉണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ. അതേസമയം, മുതിർന്ന നേതാവെന്ന നിലയിൽ ചെന്നിത്തലയെ അവഗണിക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ദേശീയ തലത്തിലുള്ള സ്ഥാനവും തെരഞ്ഞെടുപ്പിലെ പങ്കും മുൻനിർത്തി വേണുഗോപാലിനെ ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണ് വിലയിരുത്തൽ.

Advertisement

ഇതിനിടെ, വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ വിവിധ ഗ്രൂപ്പുകൾ സമീപിച്ച് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി സൂചന. സംഭവവികാസങ്ങളെക്കുറിച്ച് സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.