*പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും അനിവാര്യം: നിയമസഭാ സ്പീക്കർ* സുതാര്യവും കാപട്യമില്ലാത്തതുമായ നേരായ രാഷ്ട്രീയമാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സത്യസന്ധതയും സുതാര്യമായ സമീപനവും അനിവാര്യമാണ്. മനുഷ്യസഹജമായ വീഴ്ചകൾ വന്നാൽപോലും സുതാര്യമായ നിലപാടുണ്ടെങ്കിൽ ജനങ്ങൾ അത് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദ്വിദിന സ്റ്റുഡന്റ്സ് ലീഡേഴ്സ് കോൺക്ലേവിന്റെ സമാപന സമ്മേളനം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയെ വിതച്ച് നന്മയെ വിളവെടുക്കണം. സോഷ്യൽ മീഡിയ റീലുകളിലൂടെയുള്ള സാങ്കല്പിക ലോകത്ത് മാത്രം ജീവിക്കാതെ, യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ച് പൊരുതി നിൽക്കണം. തടസ്സങ്ങൾ കണ്ട് തളർന്നു പിന്മാറാതെ നന്മയ്ക്ക് വേണ്ടി അടിയുറച്ച നിലപാടെടുത്താൽ ജനങ്ങളുടെ പിന്തുണ ഉറപ്പായും ലഭിക്കും. മഹാത്മാഗാന്ധി പഠിപ്പിച്ച സത്യസന്ധതയും നിസ്വാർഥതയും പിന്തുടരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനാധിപത്യത്തിന്റെ ശക്തിയായ പ്രായപൂർത്തി വോട്ടവകാശം സംരക്ഷിക്കപ്പെടണം. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് രാജ്യത്തിന് വേണ്ടി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ നിസ്വാർഥ മനോഭാവം ഉൾക്കൊള്ളാൻ ശ്രമിക്കണം. ശബ്ദകോലാഹലവും ബഹളവുമല്ല, മറിച്ച് വിഷയങ്ങളിൽ ആഴത്തിലുള്ള അറിവും കാര്യവിവരവും വേണം. വ്യാജമായ പ്രകടനങ്ങൾ ആളുകൾ തിരിച്ചറിയും. ജനങ്ങളുടെ ഹൃദയത്തിൽ ജീവിച്ച്, അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ട് മുന്നോട്ടുപോകണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. മന്ത്രി ഒ ജെ ജനീഷ് അധ്യക്ഷനായ ചടങ്ങിൽ മന്ത്രി ടി സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ജുവൽ ജോൺ ആലപ്പാട്ട്, മുൻ ഡയറക്ടർ ജനറൽ ബിവീഷ് യു സി, രജിസ്ട്രാർ സുദർശൻ എ കെ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിൽ സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു. ജനാധിപത്യം, പാർലമെന്ററി സംവിധാനം, സാമൂഹികനീതി, പൗരബോധം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വിദഗ്ധരുടെ വിവിധ സെഷനുകളും ഒരുക്കിയിരുന്നു.ലോക വാർത്തകൾ ഉൾപ്പെടെ, നാട്ടുവാർത്തകൾ അറിയാൻ _കേരള ന്യൂസ് മീഡിയ_ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാൻ മറക്കല്ലേ. 👇https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w_വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക_*8129941831*
പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സുതാര്യതയും അനിവാര്യം: നിയമസഭാ സ്പീക്കർ*
