img 20260514 wa0006

‘പ്ലീനം വിളിക്കണം’; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: കിരൺ എസ് പിള്ളൈ

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. സംഘടനാതലത്തിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചുവെന്നും ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നതിനെ പാർട്ടി തിരിച്ചറിയാനായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

വെള്ളാപ്പള്ളിയോടുള്ള സമീപനവും രാഷ്ട്രീയ സന്ദേശങ്ങളുമാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അകറ്റാൻ കാരണമായതെന്ന വിമർശനവും സംസ്ഥാന സമിതിയിൽ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. കണ്ണൂർ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും ഗൗരവത്തോടെ വിലയിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടിയിൽ അടിമുടി തിരുത്തൽ വേണമെന്നും അതിനായി പ്രത്യേക പ്ലീനം വിളിച്ച് ചേർക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും സംഘടനാപരമായ വീഴ്ചകളും പരാജയത്തിന് കാരണമായതായി വിമർശനം ഉയർന്നു.

അതേസമയം തെരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും പിണറായി വിജയനിൽ മാത്രം ചുമത്തുന്നത് ശരിയല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. പാർട്ടി കൂട്ടായ്മയായി പ്രവർത്തിക്കുന്ന സംവിധാനമാണെന്നും തോൽവിയെ ആ രീതിയിലാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് സർക്കാർ ആശ പ്രവർത്തകരുടെ സമരം കൈകാര്യം ചെയ്ത രീതിയും പാർട്ടിക്കുള്ളിൽ വിമർശനവിധേയമായതായി സിപിഐ നേതാക്കളും പ്രതികരിച്ചു. ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടുവെന്ന ആശങ്ക ഇടതുമുന്നണിക്കുള്ളിൽ ശക്തമാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com