sonia gandhi opposes plea over 1980 voter list entry 2026 02 08

കേരള മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടു; മുൻ കെപിസിസി പ്രസിഡന്റുമാരെ ഡൽഹിയിലേക്ക് വിളിച്ചു

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്: കിരൺ എസ് പിള്ളൈ

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസ് നേതൃത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വിഷയത്തിൽ ഇടപെട്ടതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്കായി മുൻ കെപിസിസി പ്രസിഡന്റുമാരെയും നിലവിലെ പ്രവർത്തക പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് പ്രധാന പരിഗണനയിൽ തുടരുന്നത്. എന്നാൽ ഒരു ആഴ്ച പിന്നിട്ടിട്ടും അന്തിമ തീരുമാനം ഉണ്ടാകാത്തത് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെ സങ്കീർണ്ണത വ്യക്തമാക്കുന്നതായാണ് രാഷ്ട്രീയ വിലയിരുത്തൽ.

മുൻ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ എന്നിവർ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മുല്ലപ്പള്ളി രാമചന്ദ്രനുമായി രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ സംസാരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും പ്രവർത്തക പ്രസിഡന്റുമാരായ എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. പാർട്ടിയുടെ എല്ലാ തലങ്ങളിലെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തതെന്ന രാഷ്ട്രീയ സന്ദേശം നൽകാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.

അതേസമയം മുസ്ലിം ലീഗ് ആദ്യം വി.ഡി. സതീശന് അനുകൂല നിലപാട് എടുത്തിരുന്നുവെന്ന രാഷ്ട്രീയ ചർച്ചകൾക്കിടെ ഇപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാമെന്ന സമീപനത്തിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് പുറത്ത് നിന്നുള്ള സമ്മർദ്ദമോ “സ്റ്റേജ് മാനേജ്ഡ്” പ്രചാരണങ്ങളോ ഉണ്ടെന്ന ആശങ്കയും ചില കോൺഗ്രസ് എംഎൽഎമാർക്കിടയിൽ ഉയരുന്നുവെന്നാണ് വിവരം.

മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും അന്തിമ തീരുമാനം അറിയിക്കുക എന്ന സൂചനകളും ശക്തമാണ്. അന്തിമ പ്രഖ്യാപനത്തിന് മുൻപ് എ.കെ. ആന്റണിയുടെ അഭിപ്രായവും കോൺഗ്രസ് നേതൃത്വം തേടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

Follow the കേരള ന്യൂസ് മീഡിയ channel on WhatsApp: https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w

Read news at www.keralanewsmediaonline.com