വിവിധ പദ്ധതികളിലൂടെ ഈ മാർച്ച് വരെ തിരിച്ചടവായി ലഭിച്ചത് നാലായിരം കോടിയിലേറെ രൂപ
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനായി രൂപീകരിച്ച സംവിധാനമാണ് കിഫ്ബി. വിവിധ പദ്ധതികളിലൂടെ ഈ മാർച്ച് വരെ തിരിച്ചടവായി ലഭിച്ചത് നാലായിരം കോടിയിലേറെ രൂപയാണെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ പദ്ധതികളിൽ നിന്നായി 2026 മാർച്ച് വരെ 4183.89 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. കടമെടുത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ബാധ്യതയാകുമെന്ന വിമർശനങ്ങൾക്കുള്ള മറുപടിയാണ് ഈ വരുമാനം സൂചിപ്പിക്കുന്നത്. ഇത് കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ്ങും വിശ്വാസീയതയും വർദ്ധിപ്പിക്കുകയാണ്.
വൈദ്യുതി വിതരണ ശൃംഖല ശക്തമാക്കുന്ന ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ നിന്ന് മാത്രം 2700.19 കോടി രൂപ തിരികെ ലഭിച്ചു. 977 കോടി രൂപ മുടക്കിയ പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ നിന്ന് 540 കോടി രൂപ തിരിച്ചടവ് ലഭിച്ചു. തിരുവനന്തപുരം ടെക്നോസിറ്റിക്കായി അനുവദിച്ച 100 കോടിയിൽ 97 കോടി രൂപയും ഇതിനോടകം തിരികെ ലഭിച്ചു. കൂടാതെ കണ്ണൂർ-പാലക്കാട് വ്യവസായ അടിസ്ഥാന സൗകര്യങ്ങൾ, ലൈഫ് സയൻസ് പാർക്ക്, ശബരി പ്രൊജക്ട് എന്നിവയിൽ നിന്നും വലിയ തുകകൾ തിരിച്ചടവായി ലഭിച്ചു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ഏകദേശം 90,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തത്. സാധാരണഗതിയിൽ പതിറ്റാണ്ടുകൾ എടുത്തേക്കാവുന്ന വികസനം ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കാൻ ഇതുവഴി സാധിച്ചു. കിഫ്ബിയെ തകർക്കാനായി രാഷ്ട്രീയ ആരോപണങ്ങളും കോടതി നടപടികളും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങളും ഉണ്ടായി. എന്നാൽ, കിഫ്ബിയെ എതിർത്തവർ പോലും ഇന്ന് അതിലൂടെ നിർമ്മിച്ച സ്കൂളുകളെയും മറ്റും പ്രശംസിക്കുന്ന നിലയിലേക്ക് മാറി. കേരളം മുന്നോട്ടുവെച്ച ഈ ബദൽ വികസന മാതൃക വിജയകരമായാണ് ഇന്ന് വിലയിരുത്തപ്പെടുന്നത്.
1999-ലെ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ചാണ് കിഫ്ബി സ്ഥാപിതമായത്. 2016-ൽ എൽഡിഎഫ് സർക്കാർ ചട്ടങ്ങൾ പരിഷ്കരിക്കുകയും സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ പുനഃക്രമീകരിക്കുകയും ചെയ്തു. കിഫ്ബിയെ തകർക്കാനും അതുവഴി വികസനം തടസ്സപ്പെടുത്താനും പ്രതിപക്ഷം നിരന്തരം ശ്രമിച്ചിരുന്നെങ്കിലും സർക്കാർ ഇവയെല്ലാം പ്രതിരോധിച്ചു മുന്നോട്ടുപോയി.





